പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റ്റെ നാമത്തില്.....

Sunday, March 27, 2011

കാഴ്ചപ്പാട്

മാധ്യമങ്ങള്‍
 “പ്രവാസജീവിതം“ എന്നും പറഞ്ഞ് കാണിയ്ക്കുന്നത്  ദുബായിലെ കുറെ കെട്ടിടങ്ങളും ഷോപ്പിങ്ങ് മാളുകളും ഫെസ്റ്റിവലുകളും അവിടെയൊക്കെ മേയുന്ന കുറേ ഉപരിവര്‍ഗ ജാഡകളേയുമാണ്. (ഹിന്ദി സിനിമകളിലെ ഇന്ത്യ പോലെ.) ഇത് കാണുന്ന  മലയാളികള്‍ കരുതുന്നത് ഗള്‍ഫ് കാരെല്ലാം ഇതേ മാതിരി ചിക്കന്‍ ബര്‍ഗറും കെ.എഫ്.സിയും കോളയുമടിച്ച്  എ.സിയില്‍ അര്‍മാദിയ്ക്കുകയാണെന്നാണ്. ബര്‍ഗര്‍ എന്നു കേട്ടിട്ടുപോലുമില്ലാത്തവരാണ് ബഹുഭൂരിപക്ഷം പ്രവാസികളും. ഉണക്ക കുബൂസും പരിപ്പുമാണവരുടെ നിത്യഭക്ഷണമെന്ന് സുദേഷൊക്കെ എങ്ങനെ അറിയാന്‍ ! ആരെങ്കിലും പറഞ്ഞു കൊടുത്തിട്ടു വേണ്ടെ..! തുരുമ്പു പിടിച്ച വാട്ടര്‍ കൂളറാണവരുടെ  തണുപ്പിയ്ക്കല്‍ യന്ത്രമെന്ന് മലയാളിക്കറിയാമോ? ഉഷ്ണം കനക്കുമ്പോള്‍ തുണി നനച്ച് ശരീരത്തിട്ടാണ് പലരും ഉറങ്ങുന്നത്!! യഥാര്‍ത്ഥ പ്രവാസജീവിതം ഉരുകി തിളയ്ക്കുന്ന സൌദിയില്‍ ഈ മാധ്യമ ക്യാമറകള്‍ക്ക് ഒരിയ്ക്കലും കടന്നു ചെല്ലാനാവില്ല എന്നതു വേറൊരു സത്യം.


രാഷ്ട്രീയക്കാര്‍
ഇവര്‍ ഗള്‍ഫിലേയ്ക്കെന്നും പറഞ്ഞ് പോകുന്നത് ചില വ്യവസായികളോടൊപ്പം തിന്നും കുടിച്ചും ഫണ്ട് പിരിച്ചും ആഘോഷിയ്ക്കാനാണ്. ഒരിയ്ക്കലും ശരിയായ പ്രവാസികളെ അവര്‍ കാണുന്നില്ല, പുറത്തു പറയുന്നില്ല. സൌദിയിലെ ജയിലില്‍ നരകിയ്ക്കുന്ന മലയാളികള്‍, ജിദ്ദയിലെത്തിയ വിദേശകാര്യ മന്ത്രിയെ ഫോണില്‍ വിളിച്ചപ്പോള്‍ പറഞ്ഞത്, “താന്‍ വേറെ കാര്യത്തിനാണ് വന്നത്“ എന്നാണ്!പ്രവാസികള്‍
ഗള്‍ഫില്‍ നിന്ന്  കടം മേടിച്ചും പട്ടിണികിടന്നും  “അവധി”യ്ക്ക് വരുന്ന ഒറ്റയൊരുത്തനും താനവിടെ കഷ്ടപെടുകയാണെന്ന് ഭാര്യയോടു പോലും പറയില്ല. പകരം, താനവിടെ “ഹെഡ് ലോഡിങ്ങ് മാനേജര്‍” ആണെന്നോ, “പാം ക്ലൈമ്പിങ്ങ് ഓഫീസര്‍” ആണെന്നോ “ഗോട്ട് ഓര്‍ഗനൈസര്‍” ആണെന്നോ ഭാവിയ്ക്കും. ബന്ധുക്കളെ പ്രീണിപ്പിയ്ക്കാന്‍ പത്ത് പായ്കറ്റ് റോത്ത്മാന്‍സും, മൂന്നു കുപ്പി ബ്ലാക്ക് ലേബലും സമ്മാനിയ്ക്കും. ഇവന്‍ അവിടെ മൂന്ന് മാസം പണിയെടുത്താലേ ഈ കാശൊപ്പിയ്ക്കാനാവൂ എന്ന് അവരറിയുന്നില്ലോ... പൊങ്ങച്ചം കാണിയ്ക്കാന്‍ പിരിവുകാര്‍ക്ക് വീശുന്ന ആയിരങ്ങള്‍, ഇവന്‍ അവിടെ നിന്ന് കടം മേടിച്ചതാണെന്ന് വേറെ ആരറിയാന്‍..!

തീര്‍ച്ചയായും ഇവരുടെ അഭയാര്‍ത്ഥി ജീവിതം പഠിയ്ക്കപ്പെടേണ്ടതാണ്. അവരുടെ വിരഹവും നൊമ്പരവും വേദനയും എഴുതപ്പെടേണ്ടതാണ്. ഗള്‍ഫില്‍ നില്‍ക്കുന്ന ഓരോ നിമിഷവും ജന്മനാടിന്റെ കുളിര്‍മയിലെയ്ക്ക് ഓടിയണയാന്‍ തുടിയ്ക്കുകയാണവന്റെ മനസ്. നാട്ടിലെത്തിയാലോ, എത്രയും വേഗം അവനെ തിരിച്ചോടിയ്ക്കാന്‍ വെമ്പുന്ന ബന്ധുക്കള്‍. അതിനെ പ്രതിരോധിച്ച് നാട്ടില്‍ നില്‍ക്കാനുള്ള മാനസിക ദാര്‍ഡ്യം, കാലം അവനില്‍ നിന്നു ചോര്‍ത്തിക്കളഞ്ഞിട്ടുണ്ടാവും. കരയുന്ന മനസ്സുമായി അവന്‍ വീണ്ടും പടിയിറങ്ങും ചുട്ടു പൊള്ളുന്ന പ്രവാസത്തിലേയ്ക്ക്


കടപ്പാട്:malayalamblogkoot

1 comment:

  1. സുഹ്രുത്തുക്കൾ പറഞ്ഞ് കുറച്ചൊക്കെ അറിയാം.

    ReplyDelete